Kerala

കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ സർവീസിന് തിരുവനന്തപുരത്ത് തുടക്കമായി. സെൻട്രൽ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിറ്റി സർക്കുലറിന്റെ ആദ്യ സർവീസ് അദ്ദേഹം ഫ്ലാ​ഗ് ഓഫ് ചെയ്തു.

നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 മിനിട്ട് ഇടവേളകളില്‍ തുടര്‍ച്ചയായി ബസുകള്‍ ഓടിക്കുന്നതാണ് സംവിധാനം. നഗരയാത്രികര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ബസുകള്‍ ക്രമീകരിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഭാവിയില്‍ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു.

സിറ്റിസര്‍ക്കുലര്‍ ബസുകളില്‍ 50 രൂപയ്ക്ക് 24 മണിക്കൂര്‍ പരിധിയില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഗുഡ്‌ഡേ ടിക്കറ്റ് ​ഗതാ​ഗതമന്ത്രി പുറത്തിറക്കി. ഈ ​ഗുഡ് ഡേ ടിക്കറ്റ് ഉപയോ​ഗിച്ച് ഏത് ബസിലും എത്ര പ്രാവശ്യവും യാത്ര ചെയ്യാനാകും. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ടിക്കറ്റ് മൈഷീനുകളുടെ വിതരണവും കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും, സിറ്റി സർക്കുലറിന്റെ ബുക്ക്ലെറ്റും മാപ്പും ഇതോടൊപ്പം ​ഗതാ​ഗത മന്ത്രി പുറത്തിറക്കി.