പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചലഞ്ച് തുക സര്‍ക്കാരിന് കൈമാറാതെ കെ.എസ്.ഇ.ബി. ജീവനക്കാരില്‍ നിന്ന് പിരിച്ച 132 കോടി രൂപയാണ് ഇതുവരെ കൈമാറാത്തത്. ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തെതുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന്‍റെ ഭാഗമായാണ് കെ.എസ്.ഇ.ബിയിലും ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയാറായത്. ഇടത് യൂനിയനിലെ ജീവനക്കാര്‍ ഭൂരിഭാഗവും സാലറി ചലഞ്ചില്‍ പങ്കാളികളായി. 2018 സെപ്റ്റംബര്‍ മുതല്‍ പത്ത് മാസമായാണ് തുക ഈടാക്കിയത്. ശരാശരി 12 കോടി രൂപ ഒരു മാസം എന്ന നിരക്കില്‍ ജൂലൈ കഴിഞ്ഞതോടെ 132 കോടി രൂപ ഈ ഇനത്തില്‍ കെ.എസ്.ഇ.ബി ശേഖരിച്ചു.
ഓരോ മാസവും ജീവനക്കാരില്‍ നിന്ന് തുക കൈമാറാതെ പണം സൂക്ഷിക്കുകയാണ് കെ.എസ്.ഇ.ബി ചെയതത്. സാമ്പത്തിക ഞെരുക്കത്തോടൊപ്പം സര്‍ക്കാരില്‍ നിന്ന് വിവിധ ഇനത്തിലേക്കായി പണം കെ.എസ്.ഇ.ബിക്ക് ലഭിക്കാനുമുണ്ടായിരുന്നു. പണം കൈമാറാത്തതിന് പിന്നില്‍ ഈ പശ്ചാത്തലമുണ്ടെന്നാണ് ജീവനക്കാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഇൌ 16 ന് തന്നെ തീരുമാനമെടുത്തിരുന്നതായാണ് ചെയര്‍മാന്‍ പറയുന്നത്. ഇന്ന് വൈദ്യുതിമന്ത്രി കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം ഈ യോഗത്തില്‍ വരുമെന്നറിഞ്ഞ് തിടുക്കത്തിലെടുത്തതാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് ജീവനക്കാര്‍ നല്‍കുന്ന സൂചന.