വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രിയെ കാണാന്‍ കൊണ്ടുപോയത് വിവാദമാക്കിയ നടപടി ശരിയായില്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രി രക്ഷിതാക്കളെകൊണ്ട് കാലുപിടിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി കെ.പി.എം.എസ് പാലക്കാട് കോട്ടമൈതാനത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം
നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമറാണ് വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയത്. സര്‍ക്കാര്‍ ആവശ്യപെട്ടിട്ടല്ല ഇതൊന്നും ചെയ്തതെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു.
തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന വാളയാറിലെ എല്ലാവരും ഗുരുതുല്യരായി കാണുന്നവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാറുണ്ട്. രക്ഷിതാക്കള്‍ കാലില്‍ വീണപ്പോള്‍ മുഖ്യമന്ത്രിയും, താനും, സുരക്ഷ ഉദ്യോഗസ്ഥരും തടഞ്ഞതാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
വാളയാറിലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കെ.പി.എം.എസ് നിയമ സഹായം തുടരുമെന്നും പുന്നല ശ്രീകുമാര്‍ കൂട്ടിചേര്‍ത്തു.പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് വിവാദമക്കിയത് ശരിയായില്ലെന്ന് പുന്നല ശ്രീകുമാര്‍.