ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ തീരുമാനമെടുക്കാതെ പുനഃസംഘടനാ നടപടിയുമായി മുന്നോട്ട് പോകാന്‍ കെ.പി.സി.സി തീരുമാനം. ഐ ഗ്രൂപ്പ് നിര്‍ദേശിച്ച ഭാരവാഹികളുടെ പട്ടികയില്‍ എം. പിയും എം.എല്‍.എമാരുമുണ്ട്. ഹൈക്കമാന്‍ഡ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് ഐ ഗ്രൂപ്പിലെ ധാരണ. ഉപതെരഞ്ഞെടുപ്പ് പരിഗണിച്ച് പുനഃസംഘടന നീട്ടേണ്ടെന്നും തീരുമാനം.
ഏറെക്കുറെ അന്തിമ ഘട്ടത്തിലായ കെ.പി.സി.സി പുനഃസംഘടന പാലാ ഉപതെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ മാറ്റേണ്ടതില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എ, ഐ ഗ്രൂപ്പുകള്‍ സാധ്യതാ ഭാരവാഹിപട്ടികക്ക് രൂപം നല്‍കി. ഏറെ വിവാദമായ ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡം പൂര്‍ണമായി നടപ്പാക്കാതെയാണ് ഐ ഗ്രൂപ്പ് പട്ടിക തയാറാക്കിയിരിക്കുന്നത്. വി. എസ് ശിവകുമാര്‍, വി.ഡി സതീശന്‍, കെ.സുധാകരന്‍, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നീ ജനപ്രതിനിധികള്‍ ഐ ഗ്രൂപ്പിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. എന്നാല്‍ എ ഗ്രൂപ്പ് ജനപ്രതിനിധികളെ നിര്‍ദേശിച്ചിട്ടില്ലെന്നാണ് സൂചന.
വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ 12 പേരെ രണ്ട് ഗ്രൂപ്പുകളും നിര്‍ദേശിക്കും. 15 വീതം സെക്രട്ടറിമാരുടെ പട്ടികയും രണ്ട് ഗ്രൂപ്പുകളും തയ്യാറായിട്ടുണ്ട് എ, ഐ ഗ്രൂപ്പുകളെ കൂടാതെ കെ. മുരളീധരനും ഒരു ജനറല്‍ സെക്രട്ടറിയെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതാനും മുന്‍ ഡി.സി.സി പ്രസിഡന്റുമാരും ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചേക്കും. കെ.പി.സി.സി ഭാരവാഹികളില്‍ പകുതിയോളം പുതുമുഖമാകാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് എല്ലാ വിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന് കൈമാറും. അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും എടുക്കുക.