കെ.പി.സി.സി പുനഃസംഘടന ജൂലൈ 31 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ തീരുമാനമായില്ല. ഭാരവാഹികളെ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ധാരണയായി. ചര്‍ച്ചകള്‍ നടത്താന്‍ കെ.പി.സി.സി പ്രസിഡന്റിന് ചുമതല നല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനങ്ങള്‍.
പുനഃസംഘടന മുഖ്യചര്‍ച്ചയായ കെ.പി.സി.സി രാഷ്ട്രീകാര്യ സമിതിയാണ് ഈ മാസം 31 ന് മുമ്പായി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ജംബോ കമ്മറ്റികള്‍ മാറ്റി പ്രവര്‍ത്തന ക്ഷമമായ സമിതികള്‍ ഡി.സി.സിയിലും കെ.പി.സി.സിയും രൂപീകരിക്കും. ഒരാള്‍ക്ക് ഒറ്റ പദവിയെന്ന മാനദണ്ഡം ചര്‍ച്ചക്ക് വന്നെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശമില്ലാത്ത ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം അംഗങ്ങളും.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതില്‍ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തന്നെയായിരിക്കണമെന്ന മാനദണ്ഡം അംഗീകരിച്ചിട്ടുണ്ട്. മറ്റു മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീകാര്യ സമിതി ചുമതലപ്പെടുത്തി. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ഹൈകമാന്‍ഡ് അംഗീകാരത്തോടെ പുനസംഘടന പൂര്‍ത്തിയാക്കും. മുല്ലപ്പള്ളി കെ.പി.സി.സി. പ്രസിഡന്റായതിന് ശേഷം കെ.പി.സി.സി. ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പല ഒഴിവുകളും നികത്തേണ്ടിയിരുന്നു.