കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എൻഐഎ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കേസ് എൻ.ഐ.എക്ക് കൈമാറണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
ബംഗളുരുവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുമായി എൻ.ഐ.എ ഉദ്യോഗസ്ഥർ സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിന് ശക്തമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ടിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് സാധ്യത.
ടെലഫോൺ എക്സ്ചേഞ്ചിന് രാജ്യാന്തര ബന്ധവും തീവ്രവാദ ബന്ധവും ഉണ്ടെന്ന പ്രാഥമിക നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസിൽ എൻ.ഐ.എ ഇടപെടൽ.ടെലഫോൺ എക്സ്ചേഞ്ച് കേസ് സംസ്ഥാന സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
ബംഗളുരുവിലുള്ള കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖറിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സമാന്തര എക്സ്ചേഞ്ചുകൾ സംബന്ധിച്ച് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.