India Kerala

കോന്നി ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി ചർച്ച തുടരുന്നു,സമവായത്തിലെത്താതെ കോൺഗ്രസ്

കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിൽ നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസും ബി.ജെ.പിയും . ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയും അടൂർ പ്രകാശും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ കോന്നിയിൽ സ്ഥാനാർത്ഥിയാവാൻ സാധ്യതയില്ലെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ പത്തനംതിട്ട ഡി.സി.സി മുൻ പ്രസിഡന്റ് പി. മോഹൻ രാജ് കോന്നിയിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയാവും. ഹൈക്കമാന്റാകും അന്തിമ തീരുമാനം എടുക്കുക. സാമുദായിക സമവാക്യം കോന്നിയിൽ പരിഗണിക്കമെന്ന് ഡി.സി.സി നേതൃത്വം പറയുമ്പോൾ വിജയ സാധ്യത മാത്രം മാനദണ്ഡമാവണമെന്നായിരുന്നു അടൂർ പ്രകാശിന്റെ വാദം. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായതോടെ സി.പി.എം മണ്ഡലം കൺവെൻഷനിലേക്ക് കടക്കുക്കയാണ്.

സംസ്ഥാന സമിതിയായിരിക്കും കെ.യു ജെനീഷ് കുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ബി.ജെ.പിയുടെ സ്ഥാനാർത്ഥി ചർച്ചയും തുടരുകയാണ് സംസ്ഥാന നേതാവ് എന്ന നിലയിൽ ശോഭാ സുരേന്ദ്രേനെ പരിഗണിക്കുന്നുണ്ടെങ്കിലും, പ്രദേശിക തലത്തിൽ ഉളവർ മത്സരിക്കട്ടെ എന്ന അഭിപ്രായവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ പേരും പരിഗണിച്ചേക്കും.