കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വർക്കല സ്വദേശിയായ അഭിഭാഷകൻ ഷിബുവിനെയാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴയിൽ നിന്ന് മടങ്ങിവരും വഴിയാണ് യുവാവിനെ ഇവർ മർദ്ദിച്ചത്. അഞ്ചാലുംമൂട് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഷിബുവിനൊപ്പം സുഹൃത്ത് ലഞ്ജിത്തും കാറിലുണ്ടായിരുന്നു. ഇയാളാണ് കാർ ഓടിച്ചതെന്നും മർദ്ദിച്ചതെന്നും ഷിബു പറയുന്നു. ഇതിൽ മർദ്ദനമേറ്റ അരുൺ പ്രതിയെ തിരിച്ചറിയേണ്ടതുണ്ട്.
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിന് മർദനമേറ്റത്. അക്രമ ദൃശ്യങ്ങൾ ലഭിച്ചു.
ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് അരുൺ ചോദ്യം ചെയ്തു. ഇതോടെ കാറിലുണ്ടായിരുന്നവരും അരുണും തമ്മിൽ വാക്കു തർക്കവുമുണ്ടായി. ഇതിനിടയിൽ അസഭ്യം പറഞ്ഞ സംഘം അരുണിനെ കാറിൽ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. 50 മീറ്ററിലധികം റോഡിലൂടെ അരുണിലെ വലിച്ചിഴച്ച ശേഷം സംഘം പിടി വിടുകയായിരുന്നു. അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.