കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ പൊലീസ് റിപ്പോർട്ടിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി ഇരകൾ. പൊലീസ് തയ്യാറാക്കിയിരിക്കുന്നത് മുറിവേറ്റ ശരീരത്തെ വീണ്ടും കുത്തിനോവിപ്പിക്കുന്ന റിപ്പോർട്ടെന്നാണ് ഇവരുടെ പരാതി. മർദ്ദനമേറ്റ വിഘ്നേഷ് മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതി 24 ന് ലഭിച്ചു.
കിളികൊല്ലൂർ കസ്റ്റഡി മർദ്ദനത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് പരാതിക്കാർ രംഗത്തെത്തിയത്. തങ്ങളെ ഏറ്റവും അധികം ഉപദ്രവിച്ച എസ് ഐ അനീഷിനെയും, എസ് എച്ച് ഒ വിനോദിനെയും സംരക്ഷിക്കുന്ന റിപ്പോർട്ടാണ് ഇതെന്ന് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ വിഘ്നേഷ് പറയുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി തന്നെയോ സഹോദരനെയോ ജില്ലാ പൊലീസ് മേധാവി ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയിലുണ്ട്. റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് തങ്ങൾക്കേറ്റ ക്രൂര പീഡനത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെയും മനുഷ്യാവകാശ ധ്വംസനത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെയുമാണ്. കണ്ണടച്ച് ഇരുട്ടാക്കുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് സ്വാധീനങ്ങൾക്ക് വഴങ്ങി പക്ഷപാതപരമായാണെന്നും പരാതിയിൽ ആക്ഷേപിക്കുന്നു. സാക്ഷി മൊഴികളും സിസിടിവിയും പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്നാണ് പരാതിയിൽ പറയുന്നത്.
കേസിൽ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയാണ്. മർദ്ദനം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. തങ്ങൾക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ യുവാക്കൾ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കാണാൻ ഒരുങ്ങുകയാണ് കുടുംബം.