യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാൻ പോലും കോൺഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത് ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങൾ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോർപറേറ്റുകൾക്ക് കീഴടങ്ങിയ കേന്ദ്ര സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പച്ചക്കറിക്ക് തറവില നിശ്ചയിച്ചും മത്സ്യമേഖലയിൽ ഇടപെട്ടും ഇടതുപക്ഷ സർക്കാർ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്പീഡ് ഇൻറർനെറ്റിലൂടെ റിലയൻസിെൻറ കുത്തകവത്കരണനീക്കങ്ങൾക്ക് കേരള സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി വിഘാതം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.