Kerala

കൊച്ചിയിൽ കച്ചകെട്ടി കോൺഗ്രസ്; ഗ്രൂപ്പ് പരിഗണനയിൽ ടോണി മുമ്പിൽ

കൊച്ചി പിടിക്കാൻ ഇടതു-വലതു മുന്നണികൾ നടത്തുന്ന പോരാട്ടത്തെക്കാൾ വലിയ പോരാണ് കൊച്ചി സീറ്റിനായി ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മണി, ഡിസിസി സെക്രട്ടറി സ്വപ്‌ന പട്രോണിക്‌സ് എന്നിവരാണ് കൊച്ചിക്ക് വേണ്ടി നേർക്കുനേർ പോരാട്ടത്തിൽ ഉള്ളത്. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യുവും അവകാശവാദവുമായി രംഗത്തുണ്ട്.

സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി മണ്ഡലത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ടോണി ചമ്മണി സജീവമായി ഇടപെടുന്നുണ്ട്. 2016 ൽ ടോണി ചമ്മണിയെ പരിഗണിച്ചുവെങ്കിലും ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നൽകിയതോടെയാണ് ചമ്മണി തഴയപ്പെട്ടത്.

ഇത്തവണ കൊച്ചിയിൽ മത്സരത്തിനില്ലെന്ന് ഡൊമിനിക് പ്രസന്റേഷൻ പ്രഖ്യാപിച്ചതോടെ കാര്യമായ എതിർപ്പുകളില്ലാതെ സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ടോണി. അതിനിടയിലാണ് ഡിസിസി സെക്രട്ടറിയും എഐസിസി റിസർച്ച് സെല്ലായ വിചാർ വിഭാഗത്തിന്റെ നാഷണൽ കോഓർഡിനേറ്ററുമായ സ്വപ്‌ന പെട്രോണിക്‌സ് സീറ്റിനായി അവകാശവാദവുമായി പരസ്യമായി രംഗത്തെത്തിയത്.

കൊച്ചിയിലെ വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള ലത്തീൻ കാത്തലിക് സമുദായാംഗങ്ങളാണ് ഇരുവരും. അതേസമയം, ഗ്രൂപ്പ് സമവാക്യത്തിൽ എ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റാണ് കൊച്ചി. ഗ്രൂപ്പ് നേതാക്കൾക്ക് ടോണി ചമ്മണിയോടാണ് കൂടുതൽ താൽപര്യം. എന്നാൽ കെപിസിസി വർക്കിങ് പ്രസിഡന്റും തെരഞ്ഞെടുപ്പ് സമിതി അംഗവുമായ കെവി തോമസടക്കമുള്ളവർ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് സ്വപ്‌ന. ടോണിക്കും സ്വപ്‌നക്കും പുറമേ മുൻ കൗൺസിലർ ഷൈനി മാത്യുവാണ് കൊച്ചി സീറ്റിനായി രംഗത്തുള്ളത്.

കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതിയിൽ ആദ്യ രണ്ടരവർഷത്തിന് ശേഷം കൊച്ചിയിൽ നിന്നുള്ള കൗൺസിലർ ഷൈനി മാത്യുവിന് മേയർ സ്ഥാനം നൽകാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ സൗമിനി ജെയ്ൻ സ്ഥാനം ഒഴിയാൻ തയാറാവാതായതോടെ ധാരണ നടപ്പിലായിരുന്നില്ല. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയാണ് ഷൈനി മാത്യു കൊച്ചി സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നത്.

പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമായി കണക്കാക്കുന്ന കൊച്ചിയിൽ 2016 ൽ ഡൊമിനിക് പ്രസന്റേഷനെതിരെ 1086 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ ജെ മാക്‌സി നേടിയത്. കോൺഗ്രസ് വിമതനായി മത്സരിച്ച കെ ജെ ലീനസ് 7588 വോട്ടുകൾ നേടുകയും ചെയ്തിരുന്നു. ഇത്തവണ വിമതശല്യം ഉണ്ടാകില്ലെന്ന കണക്ക് കൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.