Kerala

കൊച്ചി മെട്രോ സർവീസ് നീട്ടി; ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്ക്

കൊച്ചി മെട്രോ സർവീസ് നീട്ടി. ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്കാവും പുറപ്പെടുക. യാത്രക്കാരുടെ വർദ്ധനവും യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. രാത്രി 9മണിക്കും 10മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20മിനിറ്റ് ആയിരിക്കും. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സർവീസ് ആരംഭിച്ചിരുന്നത്. (kochi metro service extended)

അതേസമയം, കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ചു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ, ഹെഡ് ഓഫ് തെ ഡിപ്പാർട്മെന്റ് എന്നിവരുമായി വിശദമായ ചർച്ച നടത്തി. കെഎംആർഎല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടർ മെട്രോ, ഐ യു ആർ ഡബ്ല്യു ടി എസ്, എൻഎംടി എന്നിവയുടെ വിശദമായ വിവരങ്ങൾ കൊച്ചി മെട്രോ എം ഡി നൽകി. ബഹുമാനപെട്ട മേയർ തന്റെ സംതൃപ്തി പ്രകടിപ്പിക്കുകയും, എല്ലാ പദ്ധതികളിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. നഗരത്തിന്റെ പുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികൾ പുതുക്കുന്നതിനും നിലനിർത്തുന്നതിനും കോർപ്പറേഷൻ അധികാരികൾ കെഎംആർഎല്ലുമായി പ്രതിമാസ യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഐ.യു.ആർ.ഡബ്ല്യു.ടി.എസ്., വാട്ടർ മെട്രോ പദ്ധതികൾ ത്വരിതപ്പെടുത്താനും പുരോഗതി ഉയർത്തിക്കാട്ടാനും പ്രോജക്ട് എത്രയും വേഗം പൊതു ജനത്തിന് ലഭ്യമാക്കാനും മേയർ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ, ഈ മാസം അവസാനം കെഎംആർഎൽ ഉദ്യോഗസ്ഥനോടൊപ്പം വാട്ടർ മെട്രോ ജെട്ടികളുടെയും വാട്ടർ മെട്രോ ബോട്ടിന്റെയും സൈറ്റുകൾ ബഹുമാന്യനായ മേയറും കൗൺസിലർമാരും സന്ദർശിക്കും. കെഎംആർഎൽ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളിൽ കൊച്ചിക്കാരും താനും വളരെ മതിപ്പുളവാക്കിയിട്ടുണ്ടെന്നും അത് തുടർന്നും ആഗ്രഹിക്കുന്നുവെന്നും ബഹുമാന്യനായ മേയർ പറഞ്ഞു.