Kerala

കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചു

കൊച്ചി മെട്രോ ട്രെയിനിൽ യാത്രാ നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച് 50 രൂപയാക്കി. കൊച്ചി വൺ കാർഡ് ഉപയോ​ഗിക്കുന്നവർക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും.

കോവിഡിനെ തുടർന്ന് മാസങ്ങളായി നിർത്തി വച്ച മെട്രോ കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഈ മാസം ഏഴ് മുതൽ സർവീസ് പുനരാരംഭിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യാത്ര. സീറ്റുകളിൽ സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്.

നിന്ന് യാത്ര ചെയ്യുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമായിരിക്കും അനുവാദമുണ്ടാവുകയുള്ളൂ. കൂടാതെ ഓരോ ട്രിപ്പിന് ശേഷവും സാനിറ്റൈസ് ചെയ്തതിന് ശേഷമായിരിക്കും അടുത്ത ട്രിപ്പ് ആരംഭിക്കുക. നൂറ് മുതൽ ഇരുന്നൂറ് പേർക്ക് മാത്രമായിരിക്കും സഞ്ചരിക്കാൻ കഴിയുക.

യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് സമയം ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്ന് ഇടും. ഇത് കൂടാതെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. അല്ലെങ്കിൽ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ബോക്സിൽ പണം നിക്ഷേപിക്കണം. അധിക പണമാണെങ്കിൽ സാനിറ്റൈസ് ചെയ്ത പണമായിരിക്കും തിരികെ നൽകുക.

ഏഴ്, എട്ട് തീയതികളിൽ മെട്രോയ്ക്ക് ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെ സർവീസ് ഉണ്ടായിരിക്കില്ല. ഈ ദിവസങ്ങളിൽ രാത്രി എട്ടോടെ സർവീസ് അവസാനിപ്പിക്കാനാണ് തീരുമാനം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചായിരിക്കും തുടർ ദിവസങ്ങളിൽ സർവീസുകൾ. യാത്രക്കാരുടെ സുരക്ഷയും ആവശ്യവും പരിഗണിച്ചുള്ള സേവനമാണ് മെട്രോ പരിഗണിക്കുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.

തൈക്കൂടം മുതൽ പേട്ട വരെയുള്ള 1.33 കിലോമീറ്റർ മൂന്നാം റീച്ച് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പേട്ട സ്റ്റേഷൻ മാത്രം ഉൾപ്പെടുന്നതാണ് മൂന്നാം റീച്ച്.