എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദിക്കുക.
പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. കൊച്ചി നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നവംബര്‍ 17നാണ് തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റേഷനുകള്‍ വഴി മെട്രോയില്‍ സൈക്കിള്‍ കൊണ്ടുപോവാന്‍ യാത്രക്കാരെ അനുവദിക്കുന്നതിന് കെ.എം.ആര്‍.എല്‍ തീരുമാനിച്ചത്. പരീക്ഷണാര്‍ഥം ആദ്യ ഘട്ടത്തില്‍ ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലായിരുന്നു ഈ സൗകര്യം.
നവംബര്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 67 യാത്രക്കാരാണ് ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തിയത്. പ്രതിദിനം ശരാശരി 15,000 യാത്രക്കാരാണ് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്.സൈക്കിളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് എല്ലാ സ്‌റ്റേഷനിലും അനുമതി നല്‍കാന്‍ തീരുമാനിച്ചത്.സേവനം വ്യാപിക്കുന്നതിന്‍റെ ഭാഗമായി സൈക്കിളുകളുടെ പ്രവേശനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശവും കെ.എം.ആര്‍.എല്‍ പുറത്തിറക്കിയിട്ടുണ്ട്.