India Kerala

കൊച്ചി മേയർക്കെതിരെ എൽ.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം; എതിര്‍പ്പുകള്‍ മാറ്റിവെച്ച് മേയർക്കൊപ്പം യുഡിഎഫ്

കൊച്ചി മേയർക്കെതിരെ എൽ.ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ എതിർപ്പുകളെല്ലാം മാറ്റിവെച്ച് മേയർക്ക് സംരക്ഷണ വലയം തീർക്കുകയായിരുന്നു യു.ഡി.എഫ്. സൗമിനി ജെയിൻ മേയർ സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട യു.ഡി.എഫിനകത്തെ എതിർശബ്ദം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ്. സൗമിനി ജെയിനിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവർഷത്തെ ഭരണം പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ഇടഞ്ഞുനിൽക്കുന്ന യു.ഡി.എഫ് അംഗങ്ങളെ ഉപയോഗിച്ച് മേയറെ താഴെയിറക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും അവിശ്വാസപ്രമേയത്തെ തോൽപ്പിക്കാന്‍ യോഗം ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു.

38 യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ നടപടികളിൽ നിന്ന് മാറിനിന്നപ്പോൾ മേയർക്കെതിരെ 33 വോട്ടുകളാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഫയലുകൾ കൃത്യമായി പഠിക്കാതെയും മനസ്സിലാക്കാതെയുമുള്ള സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അവിശ്വാസപ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ കൊച്ചി മേയർ സൗമിനി ജെയിൻ പ്രതികരിച്ചു.

അതേസമയം, നാണംകെട്ട രീതിയിലാണ് അവിശ്വാസപ്രമേയത്തെ ഭരണപക്ഷം നേരിട്ടതെന്നും, കൂടെ നിൽക്കുന്നവരെ പോലും വിശ്വാസത്തിലെടുക്കാൻ സാധിക്കാതെ ഒളിപ്പിച്ചു വച്ചാണ് അവിശ്വാസപ്രമേയത്തിൽ ഭരണപക്ഷം വിജയം കൈവരിച്ചതെന്നും എൽ.ഡി.എഫ് ആരോപിച്ചു.