India Kerala

കൊച്ചിയില്‍ തീപിടുത്തങ്ങള്‍ തുടര്‍ക്കഥയാകുന്നു

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ചെറുതും വലുതുമായി നിരവധി തീപിടിത്തങ്ങളാണ് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്. കെട്ടിട നിര്‍മാണത്തിലെ അപാകതയും സുരക്ഷാ പരിശോധനകളില്ലാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കൊച്ചി ബ്രോഡ് വേയിലുണ്ടായ തീപിടുത്തത്തില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചിരുന്നു.

കെട്ടിട നിര്‍മാണങ്ങളിലെ അപാകതയും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റവുമാണ് ഇടക്കിടെ തീപിടുത്തമുണ്ടാവാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ആശാസ്ത്രീയമായ വൈദ്യുതി സംവിധാനവും തീപിടുത്തത്തിന് കാരണമാവുന്നുണ്ട്. ഇന്നലെ കൊച്ചി ബ്രോഡ് വേയിലെ നൂല്‍ മൊത്ത വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നഗരത്തിന്റെ ഘടനയും തൊട്ടുരുമ്മി നിര്‍ക്കുന്ന കെട്ടിടങ്ങളുമാണ് പലപ്പോഴും തീ പിടുത്തങ്ങളുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നത്. അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ എത്താന്‍ സാധിക്കാത്തതും പലപ്പോഴും പ്രതിസന്ധിയാവുന്നു. ജനങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വയം ബോധവാന്‍മാരാവുകയും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നതുമാണ് വിദഗ്ദരുടെ അഭിപ്രായം.