India Kerala

സ്പോഞ്ച് പ്ലാന്റിലെ താത്കാലിക ജീവനക്കാര്‍ കാലാവധി കഴിഞ്ഞിട്ടും ജോലിയില്‍

പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിന്റെ സ്പോഞ്ച് പ്ലാന്റില്‍ താത്കാലിക തൊഴിലാളികളെ കാലാവധി കഴിഞ്ഞിട്ടും തുടരാന്‍ അനുവദിക്കുന്നു. യൂണിയനുകള്‍ പണം വാങ്ങി നിയമിച്ച തൊഴിലാളികളെ പിരിച്ചുവിടാത്തതിനാല്‍ മറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നാണ് പരാതി. കാലാവധി കഴിഞ്ഞ തൊഴിലാളികളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.

സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ സ്പോഞ്ച് പ്ലാന്റ് 2010ലാണ് ആരംഭിച്ചത്. ഓപ്പറേറ്റര്‍, ടെക്നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലേക്ക് 2010ലും, 15ലും, 17ലും താത്കാലിക നിയമനങ്ങള്‍ നടന്നു. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ളതായിരുന്നു നിയമനം. ഇത്തരത്തില്‍ 2010 മുതല്‍ പ്രവേശിച്ച 116 തൊഴിലാളികള്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്. ട്രേഡ് യൂണിയനുകള്‍ പണം വാങ്ങി നിയമിച്ചതായതിനാലാണ് ഇവരെ പിരിച്ചുവിടാത്തതെന്നാണ് ഉയരുന്ന ആക്ഷേപം.

116 പേരില്‍ എണ്‍പതോളമാളുകള്‍ കൊല്ലത്ത് നിന്നുള്ളവരാണ്. ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന ഉറപ്പിലാണ് യൂണിയനുകള്‍ ഇവര്‍ക്ക് നിയമനം വാങ്ങി നല്‍കിയതെന്നും പരാതിയുണ്ട്. കാലാവധി കഴിഞ്ഞിട്ടും ഈ തൊഴിലാളികള്‍ തുടരുന്നതിനാല്‍ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നില്ല. ഈ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ നോട്ടിഫിക്കേഷന്‍ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.