കെ.എം ഷാജി എം.എല്‍.എ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ മീഡിയവണ്ണിന്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയെന്നാണ് ഷാജിയുടെ മൊഴി. ഭൂരിഭാഗം യാത്രകളും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നുവെന്നും വിശദീകരിച്ചു. ഇത് സത്യമാണോയെന്നറിയാനുള്ള അന്വേഷണത്തിലാണ് ഇ.ഡി.
രണ്ടാമത്തെ ദിവസത്തെ ചോദ്യം ചെയ്യലിലാണ് വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇ.ഡി കെ.എം ഷാജിയോട് ചോദിച്ചത്. 10 വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ഷാജി മറുപടി നല്‍കി. നാല്‍പ്പതിലധികം യാത്രകളും മുസ്‍ലിം ലീഗിന്‍റെ പോഷക സംഘടനയായ കെ.എം.സി.സി നടത്തിയ പരിപാടികളില്‍ പങ്കെടുക്കാനാണെന്നാണ് പറഞ്ഞത്. ടിക്കറ്റ് അടക്കമുള്ള മുഴുവന്‍ ചെലവുകളും വഹിച്ചത് കെഎംസിസിയാണെന്നും ഷാജി വിശദീകരിച്ചു. രണ്ട് വിദേശയാത്രകള്‍ എം.എല്‍.എ എന്ന നിലയില്‍ സര്‍ക്കാര്‍ കൊണ്ടുപോയതാണ്. രണ്ട് പ്രാവശ്യം ഉംറക്ക് പോയിട്ടുണ്ട്. കുടുംബവുമൊത്ത് ഒരു തവണ മലേഷ്യക്ക് പോയെന്നും ഷാജി മൊഴി നല്‍കി. യാത്രകളിലധികവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്.
വിദേശയാത്രകളും കെ.എം ഷാജിയുടെ ആസ്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. പാസ്‍പോര്‍ട്ട് ഹാജരാക്കിയതിനാല്‍ യാത്രകളുടെ എണ്ണം സംബന്ധിച്ച സംശയം ഇ.ഡിക്കില്ല. പക്ഷെ 40 ലധികം യാത്രകളും പാര്‍ട്ടി പരിപാടിക്ക് വേണ്ടി തന്നെ പോയതാണോയെന്നറിയാന്‍ ഇ.ഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.