Kerala

പ്ലസ് ടു കോഴ ആരോപണം; കെ.എം.ഷാജി എം.എൽ.എയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും

അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. എല്ലാ വിവരങ്ങളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.എം.ഷാജി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും ഷാജി പറഞ്ഞു.

കെ.എം ഷാജിയെ ഇന്നലെ പതിനൊന്നര മണിക്കൂറാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് ഷാജിയെ ഇന്നും ഇ.ഡി ചോദ്യം ചെയ്യുന്നത്.

ഭാര്യയുടെ പേരിലുള്ള കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീടിന്‍റെ നിര്‍മാണത്തിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന വിവരങ്ങള്‍ അറിയാന്‍ കെ.എം ഷാജിയുടെ ഭാര്യയെ കഴിഞ്ഞ ദിവസം ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഷാജിയാണെന്നാണ് ഭാര്യ അറിയിച്ചത്. അക്കാര്യങ്ങളെ കുറിച്ചും ഇ.ഡി ഷാജിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജി പറഞ്ഞു.