Kerala

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് കെ.കെ ശൈലജ

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ചിലരൊക്കെ പിപിഇ ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും അതൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധുപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പേമാരിയെയും കോവിഡിനെയും അവഗണിച്ചായിരുന്നു കരിപ്പൂരില്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഈ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.