Kerala

പി.പി.ഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അഴിമതി നടന്നിട്ടില്ല; കെ.കെ ശൈലജ

കൊവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുവൈത്തില്‍ കല സംഘടിപ്പിച്ച മാനവീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുൻ മന്ത്രി കെ.കെ.ശൈലജ.

അന്‍പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്ക്കെന്നും കെ.കെ ശൈലജ വ്യക്തമാക്കി.അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പാർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കലിനായിരുന്നു പരിഗണന നൽകിയത്.

അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ പറഞ്ഞു.കാര്യങ്ങൾ ലോകയുക്തയെ ബോധ്യപ്പെടുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

വിപണിവിലയേക്കാള്‍ കൂടിയ വിലയില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതിന് ശൈലജയ്ക്ക് അടക്കം ലോകായുക്ത നോട്ടിസ് അയച്ചിരുന്നു. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ശൈലജ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരുടെ ഹരജിയിലാണ് ലോകായുക്ത നടപടി.