Kerala

സർക്കാർ ജോലി ലഭിച്ചതോടെ സിപിഐഎം അം​ഗം രാജിവച്ചു; വട്ടോളിയിൽ അട്ടിമറി ജയം നേടി യുഡിഎഫ്

കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡായ എളേറ്റിൽ വട്ടോളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ റസീന ടീച്ചർ പൂക്കോട്ട് വിജയിച്ചു. കഴിഞ്ഞ തവണ 116 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച വാർഡിൽ സിപിഐഎമ്മിലെ പി.സി.രഹനയാണ് ഇത്തവണ മത്സരിച്ചത്.

സിപിഐഎമ്മിലെ സജിത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ എൽഡിഎഫിന് രണ്ട് അംഗങ്ങൾ മാത്രമായി.

മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എ.ശശിധരൻ 340 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1408 വോട്ടർമാരാണ് വാർഡിലുള്ളത്. 1163 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ എ.ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാർഥി ഇ.എം.രാജന് 401 വോട്ടും, ബിജെപി സ്ഥാനാർഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എൽഡിഎഫിലെ സിപിഐഎം പഞ്ചായത്തംഗമായിരുന്ന കെ.പി.ബാലൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ.പി.ബാലൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

മണിയൂർ യുപി സ്കൂൾ റിട്ട. അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജില്ലാ സെക്രട്ടറിയുമാണ് നിലവിൽ തെരെഞ്ഞെടുക്കപ്പെട്ട എ.ശശിധരൻ. 21 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിനും 14 ഉം യുഡിഎഫിന് 7 ഉം അംഗങ്ങളാണുള്ളത്. കക്ഷിനില സിപിഐഎം 12, സിപിഐ 1, എൽജെഡി 1, കോൺഗ്രസ് 5, ലീഗ് 2.