Kerala

താമരശേരി തട്ടി കൊണ്ടുപോകൽ; പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ

താമരശേരി തട്ടി കൊണ്ടു പോകൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. തട്ടി കൊണ്ടു പോകലിനു പിന്നിൽ സ്വർണ്ണ കടത്തു സംഘം. 8 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ദുബായിയിലും കോഴിക്കോടുമായാണ് ​ഗൂഢാലോചന നടന്നതെന്നാണ് നി​ഗമനം

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാനും (25) ​ഗൂഢാലോചനയിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അലി ഉബൈറാന്റെ തിരിച്ചറിയൽ രേഖവെച്ചാണ് ടാറ്റാസുമോ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അലി ഉബൈറാന്റെ വീട്ടിൽ തിരച്ചിൽ നടത്തിയ പൊലീസ്, കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും അലി ഒളിവിൽ തുടരുകയായിരുന്നു.

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി അഷ്‌റഫ് ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയിരുന്നു. താമരശേരി പൊലീസ് അഷ്‌റഫിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും അദ്ദേഹം സഹകരിക്കുന്നില്ലെന്ന വിവരമാണ് ലഭ്യമാകുന്നത്.

ശനിയാഴ്ച രാത്രി പത്ത് മണിയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താമരശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽപി സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് അഷ്റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് കാറുകൾ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജൗഹറിനെ തിങ്കളാഴ്ച പൊലീസ് പിടിയിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഷ്‌റഫിന്റെ ഒരു ബന്ധം വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാളുൾപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നാണ് വിവരം.