മാധ്യമപ്രവര്‍ത്തകനെ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. രക്ത പരിശോധന നടത്താന്‍ എസ്.ഐ, ആവശ്യപ്പെട്ടില്ലെന്ന് കെ.ജി.എം.ഒ.എ സെക്രട്ടറി പറഞ്ഞു. ശ്രീറാമിന്റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിനെ രക്തപരിശോധന നടത്താന്‍ എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. ശ്രീറാമിന്റെ മെഡിക്കല്‍ പരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. പൊലീസിന്റെ വീഴ്ച ഡോക്ടറുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമം.
മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.ജി.എം.ഒ.എ പരാതി നല്‍കും. അതേസമയം ശ്രീറാമിന്റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോയെന്ന് അന്വേഷിക്കാന്‍ ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.