കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാവിധി 27ന് പറയും. ശിക്ഷാ വിധിയില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ദുരഭിമാനകൊലയായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും അപേക്ഷിച്ചു.
പത്ത് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കുള്ള ശിക്ഷാവിധിയില്‍ കോടതി ഇന്ന് വാദം കേട്ടത്. പ്രതികള്‍ക്ക് പറയാനുള്ളതാണ് കോടതി ആദ്യം കേട്ടത്. ഷാനു ചാക്കോയും ഏഴാം പ്രതി ഷിഫിനും പറയുനുള്ളത് എഴുതി നല്‍കിയപ്പോള്‍ ബാക്കിയുള്ള പ്രതികള്‍ കുടുംബസാഹചര്യങ്ങളും പ്രായവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. പല പ്രതികളും കോടതിയില്‍ പൊട്ടിക്കരയുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാല്‍ പ്രോസിക്യൂഷന്‍ ഈ വാദങ്ങളെയെല്ലാം തള്ളി.
കോടതി ദുരഭിമാന കൊലയായി കണ്ടെത്തിയതിനാല്‍ വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2011ലെ ഭഗവാന്‍ദാസ് vs സ്റ്റേറ്റ് ഓഫ് ഡല്‍ഹി കേസിലെ ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ 2011ല്‍ തന്നെ തടന്ന ജഗ്ദര്‍ vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസില്‍ ദുരഭിമാനം തെളിഞ്ഞിട്ടും പ്രതികള്‍ക്ക് 5 വര്‍ഷം മാത്രം ശിക്ഷ നല്‍കിയത് എന്ന് പ്രതിഭാഗവും ഉയര്‍ത്തിക്കാട്ടി.
ഇതേ തുടര്‍ന്ന് കേസ് ശിക്ഷാവിധിക്കായി മാറ്റി വെക്കുകയായിരുന്നു. അതേസമയം പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കെവിന്റെ പിതാവ് പ്രതികരിച്ചു.