India Kerala

ശിരുവാണി അണക്കെട്ടില്‍ ഫ്ലോമീറ്റര്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി

പാലക്കാട് ശിരുവാണി അണക്കെട്ടില്‍ ഫ്ലോമീറ്റര്‍ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ലഭിക്കുന്നതിനും ഡാമിന്‍റെ സുരക്ഷക്കുമായാണ് ഫ്ലോമീറ്റര്‍ സ്ഥാപിക്കുന്നത്. ജലവിതരണത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലോ മീറ്റര്‍ സ്ഥാപിക്കുന്നത്. ഫ്ലോ മീറ്റര്‍ സ്ഥാപിക്കുന്നതിന് സംയുക്ത ജലനിയന്ത്രണ സമിതി യോഗത്തിലെ ധാരണയായിരുന്നു. പ്രതിവര്‍ഷം 1300 ഘനയടി വെള്ളമാണ് ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാട് കൊണ്ടുപോകുന്നത്. വെള്ളം കുറവായതിനാല്‍ 1200 ഘടയടിമാത്രമാണ് കഴിഞ്ഞ ഏതാനും വര്‍ഷം തമിഴ്നാടിന് നല്‍കിയിട്ടുള്ളത്.

കുടിശികയുള്ള വെള്ളം നല്‍കണമെന്ന് തമിഴ്നാട് ആവശ്യം ശക്തമാക്കിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുവെന്ന് കണ്ടെത്തിയതിനാല്‍ നാല് വര്‍ഷം മുന്‍പ് രണ്ട് ടണലുകള്‍ അടച്ചിരുന്നു. ടണലുകളിലാണ് ഫ്ലോമീറ്റര്‍ സ്ഥാപിക്കുക. ജലവിതരണത്തിന്‍റെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്‍റര്‍നെറ്റ് സൗകര്യവും വൈദ്യുതിയും ആവശ്യമാണ്. കെ.എസ്.ഇ.ബിയുമായി ജലവിഭവ വകുപ്പ് കരാര്‍ ഒപ്പിട്ടുണ്ട്. എന്നാല്‍

റവന്യൂ,വനം,ജലസേചനം,പൊതുമരാമത്ത് വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലങ്ങളെ കുറിച്ച് സര്‍വ്വേ നടത്തുകയും ജിയോളജി വകുപ്പ് പഠനം നടത്തുകയും ചെയ്താല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ. ശിരുവാണി ഡാമിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഫ്ലോമീറ്റര്‍ സ്ഥാപിക്കണമെന്ന് ഡാം സേഫ്റ്റി അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു.