ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
സപ്ലൈക്കോയ്‌ക്കെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സപ്ലൈക്കോയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസിയെ പോലെ സപ്ലൈക്കോയും തകരുകയാണ്. ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് സോഷ്യല്‍ മിഡിയ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച വി ഡി സതീശന്‍, മാസപ്പടിയില്‍ ഇഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞു. മാത്യു കുഴല്‍നാടന്റെ ഇടപെടല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ്. കള്ളപ്പണം വെളുപ്പിച്ചു എന്ന വിഷയമാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.