വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്.
സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്കി.
വേനല്‍ മഴക്കൊപ്പം ഉംപൂന്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടിയായതോടെയാണ് സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായത്. ഇന്നലെ മിക്ക ജില്ലകളിലും പരക്കെ മഴ ലഭിച്ചു. മലയോര മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതകമ്പികള്‍ പൊട്ടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു. കനത്ത കാറ്റിൽ ഞായറാഴ്ച രാത്രി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തിടപ്പള്ളി, ബലിക്കൽപ്പുര, വലിയ അടുക്കള, ഊട്ടുപുര, ആനപ്പന്തലുകൾ എന്നിവ ഭാഗികമായി തകർന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട്. 65 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീര പ്രദേശങ്ങളില്‍ 50 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിലും നദിക്കരകളിലും, കടലാക്രമണ സാധ്യതയുള്ള തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂന്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആണ്. 1999ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണിത്. ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഉംപൂന്‍ വന്‍ നാശനഷ്ടമുണ്ടാകും. നാളെ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനുമിടയില്‍ ഉംപൂന്‍ തീരം തൊടും.
മണിക്കൂറില്‍ പരമാവധി 265 കീലോമീറ്റര്‍ വരെ വേഗത്തിലാവും കാറ്റ് വീശുന്നത്. ദിശമാറുന്നത് മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍ വേഗത്തിലും. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്ക് ഒഡീഷയ്ക്ക് സമീപം രൂപപ്പെട്ട് വടക്ക് പടിഞ്ഞാറ് ബംഗ്ലാദേശും പശ്ചിമ ബംഗാളും ലക്ഷ്യമാക്കി നീങ്ങുന്ന ഉംപൂന്‍ ചുഴലിക്കാറ്റിന്റെ ഇനിയുള്ള പന്ത്രണ്ട് മണിക്കൂര്‍ രാജ്യത്തിന് ഏറെ നിര്‍ണായകമാണ്
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാത്രിയും പുലര്‍ച്ചയും ഒഡീഷയ്ക്ക് നിര്‍ണായകമാണ്. ഒഡീഷയുടെ എട്ട് തീരദേശജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷം പേരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റി. ആയിരം ക്യാമ്പുകള്‍ ആരംഭിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. റെയില്‍ ഗതാഗതം താറുമാറാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിറുത്തി വെച്ചു.
24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ ഹാട്ടിയ ദ്വീപിനുമിടയില്‍ ഉംപൂന്‍ തീരം തൊടും. പരമാവധി വേഗം 185 കിലോമീറ്റര്‍ വരെയായിരിക്കും. കനത്ത മഴയും കാറ്റും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കും. ലക്ഷകണക്കിന് പേരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും തീരപ്രദേശങ്ങളില്‍ നിന്നും മാറ്റുകയാണ്. സിക്കീം, മേഘാലയ, ആസാം സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റിന്റെ ആഘാതം കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
അറേബ്യന്‍ ഉള്‍ക്കടലില്‍ 2007ലും 2019ലും സൂപ്പര്‍ സൈക്ലോണുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ 1999ന് ശേഷം രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപൂന്‍. 99ല്‍ 260 കീലോമീറ്റര്‍ വേഗത്തില്‍ തീരം തൊട്ട ചുഴലിക്കാറ്റില്‍ ആയിരത്തിലേറേ പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.