India Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി കോണ്‍ഗ്രസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് തെരുവിലിറങ്ങിയത് കോണ്‍ഗ്രസ്. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മലപ്പുറത്ത് കലക്ടറേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കി. കെ.പി.സി.സി പ്രസിഡന്‍റ് പങ്കെടുത്ത കാഞ്ഞാങ്ങാട്ട് പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്തു.

പാലക്കാട് വി.ടി ബൽറാം എം.എൽ.എയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കൊച്ചിയിലും വലിയ പ്രതിഷേധമാണ് നടന്നത്. വി.ഡി സതീശന്‍, ഹൈബി ഈഡന്‍ എം.എല്‍.എ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കൊല്ലത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടന്നു. തിരുവനന്തപുരം ഹെഡ് പോസ്റ്റോഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.