Kerala

സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം

558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല.

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് അതിഗുരുതരമായ സാഹചര്യമാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. 558 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ അതീവ ഗുരുതരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരമേഖലയിൽ അതിവേഗം രോഗവ്യാപനം ഉണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 സാംപിളുകൾ പരിശോധിച്ചപ്പോൾ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 സാംപിളുകൾ പരിശോധിച്ചപ്പോൾ 20 എണ്ണം പോസിറ്റീവ് ആയി. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലിവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാൻ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്ന് 135, മറ്റ് സംസ്ഥാനങ്ങളില്‌നിന്ന് 98, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്ഇ 7 എന്നിങ്ങനെയാണ്.

തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

133 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടുക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്.