Kerala

ഇത്തവണയെങ്കിലും എയിംസ് വരുമോ? ഈ ബജറ്റില്‍ കേരളത്തിന് പ്രതീക്ഷ കൂടുതല്‍

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണത്തിന് കാത്തിരിക്കുന്ന കേരളത്തിന് എയിംസ് വലിയ പ്രതീക്ഷയാണ്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഇത്തവണയെങ്കിലും അനുമതി കിട്ടുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നും അതിനുള്ള എല്ലാ യോഗ്യതയും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പറഞ്ഞിരുന്നു.

ദീര്‍ഘകാലമായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ് എയിംസ്. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ എയിംസ് ലഭ്യമാക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പങ്കുവച്ചെങ്കിലും അതുണ്ടായില്ല. കാലതാമസം വരുത്താതെ സംസ്ഥാനത്തിന്റെ ആവശ്യം ഈ ബജറ്റിലെങ്കിലും പരിഗണിക്കണമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം തയ്യാറെടുത്തുകഴിഞ്ഞു. കോഴിക്കോട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ഇതിനായി കരുതിവച്ചിട്ടുള്ളത്.

തിരുവനന്തപുരം നെട്ടുകാല്‍തേരി, കോട്ടയം മെഡിക്കല്‍ കോളജ്, കളമശ്ശേരി എച്ച്.എം.ടി, കോഴിക്കോട് കിനാലൂര്‍ എന്നീ സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ട് വച്ചത്. ഇതില്‍ കിനാലൂരിലെ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ ഭൂമി പദ്ധതിക്കായി തിരഞ്ഞെടുത്ത് ആരോഗ്യവകുപ്പിന് കൈമാറാന്‍ തീരുമാനമാവുകയായിരുന്നു. എയിംസിനായി 100 ഏക്കര്‍ അധിക ഭൂമിയും ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശുപാര്‍ശ. ബജറ്റില്‍ കൂടി പ്രഖ്യാപനമുണ്ടായാല്‍ സംസ്ഥാനത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.

രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി 2022ല്‍ അനുമതി നല്‍കിയ ഘട്ടത്തിലും കേന്ദ്രം കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുകയാണ്.