കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും രാത്രിയില്‍ സിനിമക്ക് പോവുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. തൃശൂര്‍ കേരള വര്‍മ കോളജ് ഗേള്‍സ് ഹോസ്റ്റലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് വിദ്യാര്‍ഥിനികള്‍ നല്കിയ ഹരജിയിലാണ് ഉത്തരവ്. രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമായി കാണാമെന്നും കോടതി വ്യക്തമാക്കി.
കോളജ് ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ കോടതി തടഞ്ഞെങ്കിലും ക്ലാസിൽ പോകാതെ ഹോസ്റ്റലിൽ നിൽക്കണമെങ്കിൽ മുൻകൂർ അനുമതി വേണം, വാർഡൻ അനുവദിച്ച ദിനങ്ങളിലല്ലാതെ സിനിമയ്ക്ക് പോകരുത്, ക്ലാസിൽ കൃത്യമായി ഹാജരാകാതിരിക്കുകയും കോളജിൽ മോശമായി പെരുമാറുകയും ചെയ്യുന്നവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാനാവും എന്നീ വ്യവസ്ഥകളിൽ കോടതി ഇടപെട്ടില്ല. നിയമപരമായ നിയന്ത്രണങ്ങളാണ് ഇവയെന്നും കോടതി വ്യക്തമാക്കി.
യു.ജി.സി റെഗുലേഷൻ പ്രകാരം വിദ്യാർഥിനികളുടെ സുരക്ഷയുടെ പേരിൽ വിവേചനപരമായ വ്യവസ്ഥകൾ നടപ്പാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്വാതന്ത്ര്യം തുല്യമാണ്. ഫസ്റ്റ് ഷോക്കാണോ സെക്കൻഡ് ഷോക്കാണോ പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് വിദ്യാർഥികളാണ്. എന്നാൽ, എത്ര മണിക്ക് ഹോസ്റ്റലിൽ തിരിച്ചെത്തണമെന്ന് തീരുമാനിക്കാൻ അധികൃതർക്കാവും. ഹോസ്റ്റൽ വ്യവസ്ഥകൾ അംഗീകരിച്ച് വിദ്യാർഥികളുടെ രക്ഷിതാക്കൾ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്ന കോളജ് അധികൃതരുടെ വാദം കോടതി തള്ളി. ഹരജിക്കാർ പ്രായപൂർത്തിയായവരാണെന്നിരിക്കെ രക്ഷിതാക്കൾ ഒപ്പിട്ടു നൽകിയെന്ന കാരണത്താൽ മൗലികാവകാശം ലംഘിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.