Kerala Local

ഫ്യൂസൂരി, വേലിക്കല്ലുകൊണ്ട് വാതിൽ തകർത്തു; ഇടുക്കിയില്‍ 4 അംഗ കുടുംബം മോഷ്ടാക്കളെ ചെറുത്തത് സിനിമാ സ്റ്റൈലില്‍

ഇടുക്കി: ഇടുക്കിയിൽ മോഷ്ടാക്കളുടെ ആക്രമണ ചെറുത്ത് തോൽപ്പിച്ച് നാലം​ഗ കുടുംബം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കമ്പിപ്പാരകൊണ്ട് വീട് പൊളിച്ച് അകത്തു കടന്ന സംഘത്തെയാണ് വാതിൽ തള്ളിപ്പിടിച്ച് കുടുംബം ചെറുത്തത്. ഫ്യൂസൂരിയ ശേഷം വേലിക്കല്ലുപയോ​ഗിച്ച് വാതിൽ പൊളിക്കാനാണ് മോഷ്ടാക്കള്‍ ശ്രമിച്ചത്. എന്നാൽ‌ കുടുംബം ഒന്നാകെ ചെറുത്തതോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. മറയൂർ കോട്ടക്കുളത്ത് സതീശൻ, ഭാര്യ ശ്രീലേഖ, മകൻ കവിജിത്, ശ്രീലേഖയുടെ സഹോദരിയുടെ മകളായ രണ്ടര വയസ്സുകാരി ധനുശ്രീ എന്നിവരാണ് മോഷ്ടാക്കളെ ചെറുത്ത് തോല്‍പ്പിച്ചത്. 

പുലര്‍ച്ചെ ഒരുമണിയോടെ വാതില്‍ ഇളക്കുന്നത് പോലെയുള്ള ശബ്ദം കേട്ടാണ് ശ്രീലേഖ ഉണര്‍ന്നത്. ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ലൈറ്റിട്ടതോടെ മോഷ്ടാക്കള്‍ ഫ്യൂസൂരി. മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ കാര്യമെന്താണെന്ന് നോക്കുമ്പോഴേയ്ക്കും മോഷ്ടാക്കളിലൊരാള്‍ വീടിനകത്ത് കയറിയിരുന്നു. ഇതോടെ വീട്ടുകാര്‍ എല്ലാവരും ഒരു മുറിയില്‍ കയറി വാതില്‍ അടച്ചു. മുറിയുടെ വാതില്‍ മോഷ്ടാവ് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വീടിന് അടുത്തുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. വേലിക്കല്ല് വച്ചായിരുന്നു മോഷ്ടാവ് വാതില്‍ പൊളിക്കാന്‍ നോക്കിയത്. 

വാതിലിന്‍റെ താഴുകള്‍ പൊളിഞ്ഞെങ്കിലും കള്ളന്മാര്‍ അകത്ത് കടക്കാതെ സതീശനും ശ്രീലേഖയും വാതില്‍ തള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ഇതിനോടകം ബന്ധു അയല്‍ക്കാരെ കൂടി വീട്ടിലേക്ക് എത്തിയതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളയുകയായിരുന്നു. സതീശന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ വാതിൽ ഉന്തിപ്പിടിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു പോയിരുന്നു. ഇത് എടുത്ത കള്ളൻ 50 മീറ്റർ അകലെ അത് ഫോണ്‍ ഉപേക്ഷിച്ചു. കള്ളനുമായി നടത്തിയ പോരാട്ടത്തിൽ ശ്രീലേഖയുടെ ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്.