India Kerala

മാര്‍ക്ക് ദാനവിവാദം; ഗവര്‍ണര്‍ ഇന്ന് എം.ജി സര്‍വ്വകലാശാല സന്ദര്‍ശിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വി.സി, പി.വി.സി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്.

നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെ കുറിച്ചുള്ള സര്‍വ്വകലാശാലയുടെ വിശദീകരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വി.സി, പി.വി.സി, സിന്‍ഡിക്കേറ്റ് അംങ്ങള്‍ എന്നിവരടക്കമുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം നല്കിയതും അത് റദ്ദാക്കാനെടുത്ത നടപടികളും വിവാദമായ സാഹചര്യത്തെ കുറിച്ച് ഇവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ക്ക് ദാനം റദ്ദാക്കിയപ്പോള്‍ തെറ്റായി ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് വിദ്യര്‍ത്ഥികളെയും ഗവര്‍ണര്‍ കണ്ടേക്കും. ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍ നടപടിയുമായി സര്‍വ്വകലാശാല മുന്നോട്ട് പോയതും അതില്‍ വീഴ്ച പറ്റിയതും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.

പതിനൊന്ന് മണിയോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ മൂന്ന് മണി വരെ സര്‍വ്വകലാശാലയില്‍ തുടരും. സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയം സര്‍വ്വകലാശാലയില്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്.