പ്രളയരക്ഷപ്രവർത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന.രക്ഷ പ്രവർത്തനത്തിന് ചെലവായ 113 കോടി രൂപ നൽകണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന സർക്കാറിന് ലഭിച്ചത്. വ്യോമസേന നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രതിരോധമന്ത്രിക്ക് കത്തയച്ചു.
പ്രളയദുരന്തമുണ്ടായ ആഗസ്ത് 15 മുതൽ നാല് ദിവസമാണ് വ്യോമസേന സംസ്ഥാനത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. ഈ സമയത്ത് ഉപയോഗിച്ച വിമാനത്തിനും ഹെലിക്കോപ്റ്ററിനുമുൾപ്പടെ ചെലവായ തുക തിരിച്ചടക്കണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്. 113 കോടി രൂപയുടെ ബില്ലും വ്യോമസേന നൽകിയട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് പ്രളയരക്ഷാ പ്രവർത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെടുന്നത്.കവിഞ്ഞ വർഷം 25 കോടിയുടെ ബിൽ വ്യോമസേന നൽകിയിരുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.വ്യോമസേനയുടെ നടപടിയിലുളള അതൃപ്തി സംസ്ഥാനം കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്.
113 കോടി രൂപ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.ഓഖി ചുഴലിക്കാറ്റുണ്ടായ സമയത്തെ രക്ഷാപ്രവർത്തനത്തിന് നേരത്തെ രണ്ട് തവണയായി 60 കോടിയോളം രൂപയുടെ ബിൽ വ്യോമസേന സംസ്ഥാനത്തിന് നൽകിയിരുന്നു. ബിൽ അയക്കുന്ന രീതി പതിവാണെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന SDRF ഫണ്ടിൽ നിന്ന് തുക തട്ടിക്കിഴിക്കാവുന്നതാണെന്നുമായിരുന്നു അന്ന് കേന്ദ്രസർക്കാർ നൽകിയ വിശദീകരണം.