Kerala

1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്.

814 പേര്‍ രോഗമുക്തി നേടി. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്‍. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇടുക്കി രാജമലയിൽ മലയിടിച്ചിലിൽപ്പെട്ടു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകും. രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.

സബ് കലക്ടറുടെ നേതൃത്വത്തിൽ പൊലീസ്, അഗ്നിശമനസേന സംഘങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം അതീവ പ്രയാസം നിറഞ്ഞതായിരുന്നു. ദേശീയ ദുരന്ത പ്രതികരണ സേന പെരിയ വനപാലം പിന്നിട്ട് സ്ഥലത്തെത്തുന്നതായാണ് റിപ്പോർട്ട്.

കനത്ത ദുരന്തം മുന്നിൽ കണ്ട് ദേശീയ ദുരന്ത പ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ഇടുക്കിയിൽ നിയോഗിച്ചിരുന്നു. എന്നാൽ വാഗമണ്ണിൽ ഇന്നലെ ഒരു കാർ ഒലിച്ചുപോയതിനെ തുടർന്ന് എൻഡിആർഎഫ് അവിടെ രക്ഷാപ്രവർത്തനം നടത്തി. രാവിലെയാണ് അവരെ രാജമലയിൽ നിയോഗിച്ചത്. ഇതുകൂടാതെ അഗ്നിശമന സേനയുടെ പരിശീലനം ലഭിച്ച അൻപതംഗ ടീമിനെ ഇവിടേക്ക് നിയോഗിച്ചു.

കോവിഡ് സ്ഥിരീകരിച്ച അഞ്ചു മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്; 150 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.