Kerala

1212 പേര്‍ക്ക് കൂടി കോവിഡ്, 880 രോഗമുക്തര്‍

വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1212 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 880 രോഗമുക്തര്‍. 1097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 5 മരണമാണ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ദീന്‍ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50) എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77) കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പന്‍ (89), കാസര്‍കോട് സ്വദേശി ആദംകുഞ്ഞി (65) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം മരിച്ച അജിതനും (55) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം 266, മലപ്പുറം 261, കോഴിക്കോട് 93, കാസര്‍കോട് 68, ആലപ്പുഴ 118, പാലക്കാട് 81, എറണാകുളം 121, തൃശ്ശൂര്‍ 19, കണ്ണൂര്‍ 31, കൊല്ലം 5, കോട്ടയം 76, പത്തനംതിട്ട 19, വയനാട് 12, ഇടുക്കി 42 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍.

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ 7 മുതല്‍ വൈകുന്നേരം 3വരെ പ്രവര്‍ത്തിക്കാം. ആലുവ ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം കുറയുകയാണ്. പശ്ചിമ കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിൽ നിന്നു രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്തവർക്ക് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എൽടിസിയിൽ ചികിത്സയിലാണ്. ഇയാളുമായി ഹൈ റിസ്ക് കോൺടാക്ട് ഉള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയാറാക്കി. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 16 പേരുടെ വരാനുണ്ട്. ആർക്കും എവിടെവച്ചു വേണമെങ്കിലും കോവിഡ് ബാധിക്കാം എന്നതിന്റെ തെളിവാണ് പെട്ടിമുടിയിലെ മാധ്യമ സംഘത്തിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോൾ ഈ ടീമുൾപ്പെടെ സമ്പർക്കപട്ടികയിലുള്ള എല്ലാവരും ക്വാറന്റീനിൽ പോകേണ്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. റെസ്ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കാൻ കോവിഡ് പരിശോധന ശക്തമാക്കി.