Kerala

1417 പേര്‍ക്ക് കോവിഡ്, 1426 പേര്‍ക്ക് രോഗമുക്തി

മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1426 പേര്‍ക്ക് രോഗമുക്തി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 72 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്.

മലപ്പുറം 242, തിരുവനന്തപുരം 297, പാലക്കാട് 141, കാസര്‍കോട് 147, എറണാകുളം 133, കോഴിക്കോട് 158, കണ്ണൂര്‍ 30, കൊല്ലം 25, തൃശ്ശൂര്‍ 32, കോട്ടയം 24, വയനാട് 18, ആലപ്പുഴ 146, ഇടുക്കി 4, പത്തനംതിട്ട 20 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

24 മണിക്കൂറിനിടെ 21,625 സാംപിളുകൾ പരിശോധിച്ചു. കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുകയാണ്. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വർധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കൽ, പാണാവള്ളി എന്നിവടങ്ങളാണ് അത്.