India Kerala

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

1495 പേര്‍‌ നിരീക്ഷണത്തില്‍; സംസ്ഥാനം അതീവ ജാഗ്രതയില്‍

സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 14 ആയി. സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്.

എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 ആയി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേരെ ഏറെ ഗൌരവത്തോടെയാണ് നിരീക്ഷിക്കുന്നത്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നു. ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ് പ്രധാന അന്വഷണം. അവസാനമായി ബന്ധപ്പെട്ട ആളിനെ വരെ കണ്ടത്താനുള്ള ശ്രമത്തിലാണ്.

1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 പരിശോധനകള്‍ നടത്തി. എല്ലാം നെഗറ്റീവാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും പരിശോധിക്കാൻ കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്