പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന യു.ഡി.എഫിന്റെ നിര്‍ദ്ദേശത്തില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന യു.ഡി.എഫ് നേതൃയോഗത്തിന് എത്തുമെന്ന് ജോസഫ് വ്യക്തമാക്കി. ജോസഫ് എത്തുമോയെന്ന ചോദ്യത്തില്‍ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറി.
പ്രശ്നങ്ങളുണ്ടാക്കാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും നല്‍കിയത്. എന്നാല്‍ പ്രചാരണത്തില്‍ ഇപ്പോഴും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. ഇന്നലെ ജോസഫ് വിഭാഗം പ്രത്യേകം യോഗം ചേര്‍ന്ന് ജോസഫിനെ പാലയിലെത്തിക്കാനുള്ള തിയതിയും നിശ്ചയിച്ചു. ഇക്കാര്യങ്ങളൊന്നും ജോസ് കെ മാണി വിഭാഗം അറിഞ്ഞിട്ടില്ല. ജോസഫ് എത്തുമോ എന്ന ചോദ്യത്തിന് മറുപടി പോലും പറയാന്‍ ജോസ് കെ മാണി തയ്യാറായില്ല.
ജോസഫ് വിഭാഗത്തെ ഒരു മീറ്റിങ്ങുകള്‍ക്കും ജോസ് കെ മാണി പക്ഷം സഹകരിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.