കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ. മാണി വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച് യാതൊരു ധാരണയും ഇല്ലെന്നും അത്തരം പ്രചരണം അടിസ്ഥാന രഹിതമാണെന്നും തോമസ് ചാഴികാടന്‍ എംപി പറഞ്ഞു.
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് നിലപാട് വീണ്ടും ആവര്‍ത്തിച്ച് ജോസ് കെ. മാണി വിഭാഗം രംഗത്തെത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നും ജോസ് കെ. മാണി വിഭാഗം ആവര്‍ത്തിക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെങ്കില്‍ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചശേഷം, നടന്ന തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം മല്‍സരിച്ച സീറ്റുകള്‍ വേണം എന്ന ഉപാധിയാണ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിന് മുമ്പില്‍ വയ്ക്കുന്നത്. എന്നാല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം സ്ഥാനം ഒഴിയാത്തതില്‍ യു.ഡി.എഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ജോസ് കെ. മാണി വിഭാഗം മുന്നോട്ടുവച്ച ഉപാധികള്‍ യു.ഡി.എഫ് എത്രത്തോളം ഉള്‍ക്കൊള്ളുമെന്നത് കണ്ടറിയണം.