India Kerala

തർക്കം തീരാതെ കേരളാ കോൺഗ്രസ്; കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ജോസഫ് വിഭാഗം

യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം. രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ പാർട്ടി വർക്കിംഗ് ചെയർമാൻ പ്രഖ്യാപിക്കുമെന്ന് സി.എഫ് തോമസ് പറഞ്ഞു. ജോസഫ് വിഭാഗത്തിന്റെ നേതൃയോഗം കുട്ടനാട്ടിൽ ചേർന്നു. അതേസമയം ഒറ്റയ്ക്ക് ആർക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി.

അച്ഛൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മകൻ മാറ്റണ്ട എന്നാണ് കുട്ടനാട് സീറ്റിനെ സംബന്ധിച്ച് ജോസഫ് വിഭാഗത്തിന് പറയാനുള്ളത്. 2016ൽ കെ.എം. മാണി പ്രഖ്യാപിച്ച സ്ഥാനാർത്ഥി ജേക്കബ് എബ്രഹാം തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാകും. കേരള കോൺഗ്രസ് മത്സരിക്കുന്നതിൽ യു.ഡി.എഫ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. യഥാർത്ഥ കേരള കോൺഗ്രസ് പി.ജെ. ജോസഫ് വർക്കിങ് ചെയർമാനായിട്ടുള്ള കേരള കോൺഗ്രസാണ്.

ഈ മാസം 17ന് മങ്കൊമ്പിൽ പി.ജെ ജോസഫ് സംഘടിപ്പിക്കുന്ന കർഷക റാലിയുടെ ലക്ഷൃം പോലും ജോസ് കെ. മാണിയ്ക്ക് മുന്നിലുള്ള ശക്തി പ്രകടനമാണ്. അതേസമയം ഒറ്റയ്ക്ക് ആരും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. 14, 15 തിയതികളിൽ ചരൽകുന്നിൽ ചേരുന്ന സംസ്ഥാന സമിതിയിൽ ജോസ് കെ. മാണി കുട്ടനാട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്.