India Kerala

നിഷ സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് ഗ്രൂപ്പ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതൃ യോഗത്തില്‍ പൊതു വികാരം. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലും തുറന്നടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുഴങ്ങി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗം അടിയന്തര നേതൃയോഗം തൊടുപുഴയില്‍ ചേര്‍ന്നത്. നിഷ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം വെട്ടുക എന്നതായിരുന്നു യോഗത്തിന്റെ അജന്‍ഡ.

നിഷയുടെ പേര് സ്ഥാനാര്‍ഥിയായി വന്നാല്‍ ചിഹ്നം നല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ പൊതുവികാരം ഉയര്‍ന്നു. ജയസാധ്യതയുള്ള പൊതു സമ്മനായ സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.

പാര്‍ട്ടി അംഗത്വമില്ലാത്ത നിഷ മല്‍സരിക്കേണ്ടെന്നും, നിഷ ജോസ് കെ മാണി രാഷ്ട്രീയ പ്രവര്‍ത്തകയല്ലെന്നും സജി മഞ്ഞക്കടമ്പില്‍ തുറന്നടിച്ചു.