മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോടെ മുഖ്യമന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കോവിഡ് സ്ഥിരീകരിച്ച വീണ വിജയന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും തുടർചികിത്സകള്‍ സ്വീകരിക്കുക, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി കോവിഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്.
കേരളത്തില്‍ ഇന്ന് 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,78,641 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4728 ആയി.