Kerala

ആനയുടെ മരണത്തില്‍ ചിലര്‍ മതത്തേയും വലിച്ചിഴക്കുന്നെന്ന് മുഖ്യമന്ത്രി

വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു

ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും ആശങ്കകൾ വെറുതെയാകില്ലെന്നു ഒരുപാട് പേർ ഇതു സംബന്ധിച്ച് സർക്കാരിനെ സമീപിച്ചു. നീതി എപ്പോഴും നിലനിൽക്കുമെന്നു മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ‘അനീതിക്കെതിരായ നടക്കുന്ന പ്രതിഷേധങ്ങളെ മാനിക്കുന്ന ഒരു സമൂഹമാണ് കേരളം. അനീതിക്കെതിരെ എപ്പോഴും നമ്മുടെ ശബ്ദമുണ്ടാകും. എല്ലായ്പ്പോഴും, എല്ലായിടത്തും അനീതിക്കെതിരെ പോരാടുന്ന ആളുകൾ ആയിരിക്കട്ടെ നമ്മൾ,’ – മുഖ്യമന്ത്രി പറഞ്ഞു.

വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ട്. കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു. ചിലർ മുൻവിധിയോടെ വർഗീയത ഇതിലേക്കു വലിച്ചിഴയ്ക്കാൻ നോക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംഭവത്തിൽ മൂന്നു പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും വനം വകുപ്പും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ജില്ലാ പോലീസ് മേധാവിയും ജില്ലാ വനം ഉദ്യോഗസ്ഥനും സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.