Kerala

കൊവിഡ് വ്യാപനം; ജാഗ്രത തുടരണം, സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ല : മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത തുടർന്നില്ലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകും. എല്ലാ ഘട്ടത്തിലും രോഗികൾക്ക് അടിയന്തര സംവിധാനമൊരുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിത ശൈലി രോഗമുള്ളവരിൽ അപകട സാധ്യത കൂടുതലാണ്. സമ്പൂർണ ലോക് ഡൗൺ നിലവിൽ പ്രായോഗികമല്ല. വിദഗ്‌ധർ ലോക് ഡൗണിനെ അഗീകരിക്കുന്നില്ലെന്നും കേരളത്തിൽ 54 % പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സ്വീകരിക്കേണ്ട നടപടികളും സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ആരോഗ്യമന്ത്രി വിശദീകരിക്കും.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിന് മുകളില്‍ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്.