Kerala

സാമൂഹിക പ്രതിരോധം; വാക്സിൻ ക്ഷാമമില്ലെങ്കിൽ നാല്‌ മാസത്തിനകം ലക്ഷ്യത്തിലെത്തും: മുഖ്യമന്ത്രി

കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വാക്സിൻ ക്ഷാമമില്ലെങ്കിൽ മൂന്നോ നാലോ മാസത്തിനകം കേരളം കൊവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മൾ ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, 25% വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാക്സിൻ വിതരണം ചെയ്യപ്പെടുന്നില്ല. നിലവിൽ അവർ മറ്റു ഏജൻസികൾ വഴിയാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വാക്സിൻ ലഭ്യതയിൽ രാജ്യമൊന്നാകെ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.