സംസ്ഥാനത്ത് തുടരുന്ന തീവ്ര കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിന് മേലുള്ള വിവാദങ്ങളും വിമർശനവും ഇന്ന് ചർച്ചക്ക് വരാനിടയുണ്ട്.
മൂന്ന് വിഭാഗമായാണ് ജില്ലകളിൽ കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തി മാറ്റങ്ങൾ ആവശ്യമാണോ എന്നു തീരുമാനിക്കും. പരിശോധനകളുടെ എണ്ണം കൂട്ടുന്നത് മുതൽ പുതിയ മാനദണ്‌ഡങ്ങളുടെ പ്രായോഗികത വരെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
അതേസമയം, കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. ഇന്ന് 11 മണിക്കാണ് യോഗം നടക്കുക. 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന് ,പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ് കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി എന്നിവ യോഗം ചർച്ച ചെയ്യും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നതിനാൽ പരീക്ഷാതിയ്യതി തൽക്കാലം മാറ്റേണ്ടെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനം. എന്നാൽ ഇതിൽ മാറ്റമുണ്ടാകുമോയെന്ന് ഇന്നറിയാം.