India Kerala

ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിട്ട് ഇടതുസര്‍ക്കാരിന്റെ ബജറ്റ്

പതിവ് രീതികൾ തെറ്റിച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിടുന്നതാണ് ഇടത് സർക്കാർ അവതരിപ്പിച്ച ബജറ്റ്. വൻകിട പശ്ചാത്തല സൗകര്യ നിക്ഷേപങ്ങളെയാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. റബർ മേഖലയിൽ ആരംഭിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപകരായി വൻകിട ടയർ നിർമ്മാണ കമ്പനിയെ കണ്ണ് വച്ചതായും ധനമന്ത്രിയുടെ ബജറ്റ് സൂചിപ്പിക്കുന്നു.

വ്യവസായ പാർക്കുകളിലേക്കാണ് കോർപ്പറേറ്റ് നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. ഇതനുസരിച്ച് ഭീമൻ കമ്പനികളുടെ പേരുകൾ തന്നെ ബജറ്റിൽ ധനമന്ത്രി പറയുന്നു. ടെക്നോപാർക്കിൽ എത്തിയ നിസാൻ കമ്പനി അവരുടെ വൈദ്യുത വാഹനങ്ങളുടെ സിരാ കേന്ദ്രം സ്ഥാപിക്കും. അവിടെ തന്നെ ടോറസ് ഇൻവെസ്റ്റ്മെന്റ്, ബഹുരാഷ്ട്ര കമ്പനിയായ എച്ച്.ആർ ബ്ലോക്, സ്പേസ് ആന്റ് എയ്റോ, ടെക് മഹീന്ദ്രക്ക് ഏണസ്റ്റ് ആന്റ് യംഗ്, ടെറാനെറ്റ് എന്ന കനേഡിയൻ കമ്പനി, ഇവരെല്ലാം തലസ്ഥാനത്താണ് മുതൽ മുടക്കുക.

എയർ ബസ് കമ്പനിയുടെ ബിസ് ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കാൻ കരാർ ഒപ്പിട്ടു. വാർത്താവിനിമയ രംഗത്തെ തേജസ്, ഒഗമെൻറഡ് റിയാലിറ്റി മേഖലയിലെ യുണിറ്റി എന്ന സിംഗപൂർ കമ്പനി എൻജിനീയർ രംഗത്തെ ആൾട്ടയർ എന്നീ കമ്പനികൾ കൊച്ചിയിലിറങ്ങും. ഫ്യുജിത് സു, ഹിറ്റാച്ചി എന്നീ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ബജറ്റ് രേഖപ്പെടുത്തുന്നു. ഈ കമ്പനികളുടെ വരവിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് ധനമന്ത്രി വാഗ്ദാനം ചെയ്യുന്നത്.

റബറിന്റെ മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് കടക്കാനാണ് സിയാൽ മോഡലിൽ കമ്പനി വരുന്നത്. ബലൂൺ മുതൽ ടയർ വരെ എല്ലാത്തരം ഉൽപന്നങ്ങളുടെയും വ്യവസായ സമുച്ചയത്തിലേക്ക് മുഖ്യ നിക്ഷേപകരായി വൻകിട ടയർ കമ്പനിയെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നാണ് ബജറ്റ് പറയുന്നത്. സ്വകാര്യ പങ്കാളിത്തം വരെയുള്ള നിക്ഷേപങ്ങൾക്കപ്പുറത്ത് കോർപറേറ്റ് നിക്ഷേപങ്ങൾക്കുള്ള പിണറായി സർക്കാറിന്റെ നീക്കം വരും ദിനങ്ങളിൽ ചർച്ചകളാൽ മുഖരിതമാകാനാണ് സാധ്യത.