Kerala

അഞ്ചു വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും

തിരുവനന്തപുരം: ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം നൂറു കോടി രൂപ അധികം അനുവദിച്ചു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണ്. ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്. നാല്, അഞ്ച ലക്ഷങ്ങള്‍ കുടുംബങ്ങള്‍ എങ്കിലും സംസ്ഥാനത്ത് അങ്ങേയറ്റം ദരിദ്രമാണ്. അവരെ കൈപിടിച്ച് ഉയര്‍ത്തേണ്ടതുണ്ട്. അവരെ പട്ടികപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനായി സംസ്ഥാന തലത്തില്‍ സര്‍വേ നടത്തി പട്ടികയുണ്ടാക്കണം- മന്ത്രി പറഞ്ഞു.

ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് അവര്‍ക്കായി മൈക്രോ പ്ലാനിങ്ങ് നടപ്പാക്കുകയാണ് വേണ്ടത്. ആശ്രയ പദ്ധതി ഇതിനായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഗുണ ഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ അപാകതയുണ്ട്.

പാര്‍പ്പിടമാണ് അവരുടെ മുഖ്യപ്രശ്‌നം. അവരെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മാസം തോറും സഹായം നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിക്കണം. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കും. അഞ്ചു വര്‍ഷം കൊണ്ട് ഇവരെ സ്ഥായിയായി ദാരിദ്ര്യത്തില്‍ നിന്ന കരകയറ്റും- മന്ത്രി വ്ക്തമാക്കി.

മൂന്ന് വ്യവസായ ഇടനാഴി

മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. അമ്പതിനായിരം കോടി മുതല്‍ മുടക്കു വരുന്ന ഇടനാഴികള്‍ 2021ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴിയാണ് ആദ്യത്തേത്. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുക. 10000 കോടി കോടി നിക്ഷേപമാണ് പദ്ധതിയില്‍ ഉണ്ടാകുക.

മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചു.

ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമാണ് മൂന്നാമത്തേത്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കും.

റബറിന്റെ തറവില ഉയര്‍ത്തി

റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്പ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്പില്‍ അടിയറവു വയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ നോളജ് എക്കോണമിയാക്കും

കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കും.

പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വിഭാഗങ്ങൡലെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കും.

വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. കെ ഫോണ്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്പൂര്‍ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും.

കേരളത്തില്‍ ഇന്‍ര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാകുകയും ചെയ്യും.

ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി

ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപ അധികം അനുവദിക്കുകയും ചെയ്തു. എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2021ല്‍ നാലായിരം തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിക്കും.

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി കേരളം ഇരുപതിനായിരം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചു. കുടുംബ ശ്രീ വഴി മാത്രം രണ്ടായിരം കോടി രൂപ നല്‍കി. കോവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ട വ്യാപനം തടയുന്നതില്‍ വിജയിച്ചു. കോവിഡ് വ്യാപിക്കുന്നുണ്ട് എങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചു. ഒരു പാട് പേരെ മരണത്തില്‍ രക്ഷിക്കാനായി. കോവിഡിന് ചികിത്സ സൗജന്യമാക്കി. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധ നേടി- ഐസക് വ്യക്തമാക്കി.